2009, ജനുവരി 17, ശനിയാഴ്‌ച

മരവിച്ച മാതൃത്വം.!


മുറിവുണങ്ങാത്ത മനസ്സിലെ-ചിന്തിയ

ചോര കണ്ടുറങ്ങും ഫലസ്തീന്‍ മക്കളെ

നിങ്ങള്‍ക്കായി ഞാന്‍-

ബാക്കി വെച്ചതെന്റെ അശ്രു മാത്രം. 

പൊരുതുക മക്കളെ .. എന്ന് പറയാന്‍

എനിക്കാവില്ല- എങ്കിലും

കരുതി ഇരിക്കുക വിളറിപിടിച്ച

ഋഷഭങ്ങളെ..എന്ന് ഞാന്‍ പറയും. 

പരസ്പരം കൊമ്പ് കോര്‍ത്ത ഇടവംരാശികള്‍

ഇടിച്ച് വീഴ്ത്തുന്ന മന്ദിരം കാണാം.അതിനുള്ളില്‍

ഞെരിഞ്ഞ് ചിതറിയ കബന്ധം, ഉടുപ്പ് നോക്കി

തിരിച്ചറിഞ്ഞ അമ്മയോട് ഞാനെന്ത് പറയും? 

അടങ്ങെന്ന് പറയണോ?

ക്ഷമിക്കെന്ന് പറയണോ?

മറക്കണമെന്ന് പറയണോ?

അറിയില്ലെനിക്കാശ്വസിപ്പാന്‍ 

നിര്‍ത്തൂ ഈ താണ്ഡവം..

എന്നെനിക്കുറക്കെ പറയാം.കാരണം.

ഞാന്‍ നാലു ചുവരുകള്‍ക്കുള്ളില്‍

സുരക്ഷിതമെന്ന മിഥ്യ ബോധമാണെന്നുള്ളില്‍. 

അമ്മേ... നിന്നെ ഞാന്‍ നമിക്കുന്നു.

വണങ്ങുന്നു ജന്മം തന്നതില്‍..

സ്തുതിക്കുന്നു ദൈവത്തെയും

ഒരു ഫലസ്തീനിയാകാത്തതില്‍.

2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

‘ അബല ’


ഒരിക്കല്‍ നീരാടി നിറഞ്ഞ കുളത്തിനരികിലിരുന്ന്
കാര്‍ക്കിച്ചു തുപ്പി പരല്‍മീനുകള്‍ക്കായവള്‍
തുള്ളിച്ചാടി കൊത്തിയെടുത്തകത്താക്കി ചെറുപരലുകള്‍
മുങ്ങി മറഞ്ഞതാസ്വദിക്കാന്‍ പിന്നെയും ‌തുപ്പി
കൂട്ടമായെത്തിയ ചെറു നെറ്റിമാന്‍ മിന്നികള്‍
ഞെട്ടറുത്ത ചെറു ചേമ്പിലക്കുമ്പിളില്‍
ഞെട്ടിവിറച്ച് തുള്ളി പ്പോകാതിരിക്കാന്‍
കുമ്പിളിന്‍ വായ്മുഖം കൂട്ടിപ്പിടിച്ചു നടക്കവെ
കാര്‍കൂന്തലില്‍ കൊളുത്തിയ ചൂണ്ടക്കൈകളില്‍
കുരുങ്ങി തുള്ളിച്ചാടി കിതച്ചവള്‍
വായ്മുഖം പൊത്തിപ്പിടിച്ചെടുത്തോടി മറഞ്ഞപ്പോള്‍
കൈവിട്ട് പോയ ചേമ്പിലക്കുമ്പിളില്‍
പിടഞ്ഞ് മരിച്ച പരലിന്ന് തുല്യമായവള്‍..!!

2008, ജൂൺ 26, വ്യാഴാഴ്‌ച

എന്റെരോദനം


----------------------------------------------------------
-------------------------------------------------------------
------------------------------------------------------------


ഞാനൊരു പെണ്ണാണെങ്കിലും
എനിക്കിനിയൊരു പെണ്ണ് വേണ്ട.
ഞാനെന്ന പെണ്ണിന്‍ പറ്റിയ മണ്ണല്ല-
കേരളമെന്ന ചിന്തയാണതിന്ന് കാരണം.
കേരളം ഭ്രാന്താലയമെന്ന കാര്യം
മുമ്പേ ഞാന്‍ പഠിച്ച കഥ.

കഥകളൊക്കെ കഥകളായിരിക്കും-
എന്നൊരാശ്വാസ മായിരുന്നു,
കേരളീയ മങ്കയാണെന്ന ഗര്‍വ്വ്
പറഞ്ഞ് നടന്നതിന്‍പൊരുള്‍.
ഇനിയങ്ങിനൊരഹങ്കാരമെനിക്കില്ല.
കേരളമനസ്സിന്റെ പൊരുളറിയാന്‍
ഇനിയൊരു പെണ്‍കൊടികൂടി
പൊലിഞ്ഞു പോകണോ?

ഇന്നലെ അണഞ്ഞ് പോയ ഷഹാന
എന്ത് പ്രകോപനമാണ്‍ തന്നത്?
കുഞ്ഞുടുപ്പിന്റെ നിഷ്കളങ്കതയില്‍
എന്ത് ഭോഗേച്‌ഛയാണ്‍ കത്തിയത് ?
കുഞ്ഞുമുഖങ്ങളില്‍ കാമജ്വരം
കത്തിക്കും കാമരൂപന്‍
ഇണക്കമോ ഈശ്വരന്റെ കേരളം.!!

കാമഗാമിനി കാമചാരിയെ തേടുമ്പോള്‍
മടിക്കാതെ കാമോഷ്ണമറിഞ്ഞവര്‍
ഭയക്കുന്നു മാറാ വ്യാധിയെ.
കുഞ്ഞു പൈതങ്ങളെ കാമിക്കുവാന്‍
വിഷയസുഖം കണ്ടെത്തുന്നവര്‍ക്ക്
ഒട്ടും ഭയക്കണ്ട രോഗത്തെ
എന്നതല്ലെ കുഞ്ഞുമേനിയില്‍
രമിക്കുവാന്‍ കാരണം.

പെണ്ണാണെനിക്കിനിയും തനൂജയെങ്കില്‍
ഞാനെന്തിനമ്മയാവണം
എങ്ങിനെ പോറ്റും എന്നതല്ല കാര്യം
വദനം കീറിയെങ്കില്‍ ഭക്ഷണം കിട്ടും
കണ്ണ് തെളിഞ്ഞെങ്കില്‍ വെളിച്ചം കാണും
ഞനെങ്ങിനെ വളര്‍ത്തും ഈ കാമ കേരളത്തില്‍
എന്നതാണെന്നെ ഭയപ്പെടുത്തുന്ന ചിന്ത

കാമാന്ധന്ന് പ്രാവാസിയെന്നോ സ്വദേശിയെന്നോ
പക്ഷമില്ലെന്നറിയാമെങ്കിലും
പ്രവാസം തന്നെയാണെനിക്ക് രക്ഷ
ഇടുങ്ങിയ ഗൃഹത്തിലാണെന്റെശയനമെങ്കിലും
എല്ലാം ത്യജിച്ചെന്ന് വിലപിക്കുമെങ്കിലും
ഒന്നും നഷ്ടപ്പെടില്ലെന്ന മൂഢവിശ്വാസമെങ്കിലും
ആശ്വാസമായെന്റെ കൂട്ടിനുണ്ട്.

പെണ്ണിന്റെ കാര്യത്തില്‍ മതങ്ങളില്ലാര്‍ക്കും
സ്നേഹം മാത്രമണതിന്റെ താലിയെന്ന്
ഉറക്കെ പറയുന്ന മാനവലീല
മണ്ണിലും പെണ്ണിലും കള്ളിലും കഞ്ചാവിലും
മാത്രമായിചുരുങ്ങി മതമൈത്രി ഇന്ന്

എന്തിനും ഏതിനും ന്യായമുണ്ട്
എല്ലാം പറയുവാന്‍ ആളുമുണ്ട്
സംഘടനയോ അതിലേറെയുണ്ട്
സ്ത്രീകള്‍ക്കായി മാത്രം പക്ഷവുമുണ്ട്
സംഘം ചേര്‍ന്ന് പോരടിക്കുന്നുമുണ്ട്
എന്നിട്ടും രക്ഷയില്ലാത്ത കേരളത്തില്‍
പോരടിക്കുന്നതോ മതത്തിന്റെ പേരിലും
ഹിന്തുവും മുസ്ലിമും കൃസ്ത്യനും ജുതനും
പോരടിച്ച് തളര്‍ന്നുറങ്ങുന്നതോ-
മതമെന്തന്നറിയാത്ത കുരുന്നിന്റെ നെഞ്ചിലും.

2008, ജൂൺ 21, ശനിയാഴ്‌ച

" മൂകനാട്ടം "

ഇരുട്ടിലെപ്പൊഴോ മിന്നിയ പ്രകാശ രശ്മികള്‍
കാണിച്ച് തന്ന നിഴലായിരുന്നല്ലോ അവനച്ഛന്‍..!!
ഓര്‍ത്തെടുക്കാന്‍ പാട്പെട്ട മാത്രയില്‍‍-
ചുരത്തിയരമൃതം കുടിച്ചതാരെന്നുപോലും
ഓര്‍മയില്ലാത്ത തൃസന്ധ്യയില്‍ മുളച്ച ജന്മം..!!
കാര്‍ക്കിച്ചു തുപ്പാനറക്കും അമൃത്ചുരത്തി-
കരിഞ്ഞുണങ്ങിയ മാറിടത്തില്‍..!!.
അച്ഛനാരെന്നരിയാത്ത കൊച്ചനും കാലഗതിയിലെപ്പഴോ-
പഠിച്ചു തന്റെ പെറ്റതള്ളയെ സ്നേഹിക്കുവാന്‍,
പക്ഷെ.. പലരും പുലയാട്ടിയിരുന്ന വരാംഗനക്കൊ-
രമ്മയുടെ സ്നേഹം കൊടുക്കുവാന്‍
പകലന്തിയും പലരും മറന്നു.